ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരം: രമേശ് ചെന്നിത്തല

ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വജനപക്ഷപാതം ഇല്ലെന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്
വിധിയെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് ലോകായുക്ത തള്ളിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം.

സര്‍ക്കാര്‍ വിലാസ സംഘടനയായി ലോകായുക്ത അധപതിച്ചെന്നും ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിങിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമിച്ചത്. പലപ്പോഴും ഹര്‍ജിക്കാരനെ മോശമായിട്ടാണ് വിമര്‍ശിച്ചത്. ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത കണ്ടെത്തല്‍ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുന്‍നിര്‍ത്തി ഹര്‍ജി തള്ളിയത് വിചിത്രമാണ്.

ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ് വിധിയെന്ന കാര്യത്തില്‍ സംശയമില്ല. മുഖ്യമന്ത്രിക്കെതിരായ കേസ് നിര്‍ണായക അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി നല്‍കിയ അത്താഴ വിരുന്നില്‍ ജഡ്ജിമാര്‍ പങ്കെടുത്തപ്പോള്‍ത്തന്നെ കേസിന്റെ വിധി ഇത്തരത്തില്‍ തന്നെയാകുമെന്ന് അന്ന് താന്‍ പറഞ്ഞതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.