പത്തനംതിട്ട: നീണ്ട 23 വര്‍ഷക്കാലം ദേവാലയത്തിന് സുരക്ഷയൊരുക്കിയ സെക്യൂരിറ്റി ജീവനക്കാരന്റെ മരണത്തില്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കി ഇടവക ജനങ്ങള്‍.
കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രക്കാനം ഇടയാടിയില്‍ അജികുമാര്‍ കുറുപ്പിന് (59) പള്ളിക്കുള്ളില്‍ തന്നെ പൊതുദര്‍ശനം ഒരുക്കിയാണ് ഇടവകക്കാര്‍ അദേഹത്തോടുള്ള ആദരവ് പ്രകടമാക്കിയത്.
വീട്ടില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് അജികുമാര്‍ മരിച്ചത്. രാവിലെ പള്ളിയില്‍ പോയി ആരാധനയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത ശേഷമായിരുന്നു അജികുമാര്‍ വീട്ടിലേക്ക് മടങ്ങിയത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച സംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ ഇടവക വികാരിയും ഭരണ സമിതിയും തീരുമാനിച്ചു. അജികുമാറിന്റെ കുടുംബവും സമ്മതം അറിയിച്ചു. അങ്ങനെ, രാവിലെ ഒന്‍പത് മുതല്‍ 10 വരെ വൈദികരും ഇടവകാംഗങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു.
മരണ വിവരം അറിഞ്ഞ വികാരി റവ. ഏബ്രഹാം തോമസും സെക്രട്ടറി ഷിബു കെ. ജോണും ട്രസ്റ്റി ഉമ്മന്‍ വര്‍ഗീസും ബിനു പരപ്പുഴയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് അജികുമാര്‍ കുറുപ്പിന് ആദരം നല്‍കണമെന്നു തീരുമാനിക്കുകയും അതിനുള്ള സൗകര്യം പള്ളിക്കുള്ളില്‍ ഒരുക്കുകയുമായിരുന്നു.
ക്രിസ്തുമത വിശ്വാസി അല്ലാത്ത ഒരാളെ പള്ളിയ്ക്കുള്ളില്‍ പ്രവേശിപ്പിച്ച് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത് പള്ളിയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. പള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെ സംസ്‌കാരത്തിലും വൈദികരും ഇടവകാംഗങ്ങളും പങ്കെടുത്തു.
ഇടവകാംഗത്തെ പോലെ വിശ്വസ്തത പുലര്‍ത്തുന്ന വ്യക്തിയായിരുന്നു അജിയെന്ന് ഇടവക അനുസ്മരിച്ചു. സുജയാണ് അജികുമാര്‍ കുറുപ്പിന്റെ ഭാര്യ. മക്കള്‍: ജിതിന്‍, വിഷ്ണു, ആര്യ.