തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സംസ്ഥാനം റെക്കോര്‍ഡിട്ടായി ടൂറിസം വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍. 2022 താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 19.34 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായാണ് പറയുന്നത്. ഇക്കൊല്ലം ആദ്യ ഒമ്പത് മാസത്തില്‍ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം ഇത് 133.81 ലക്ഷമായിരുന്നു. 25.88 ലക്ഷം സന്ദര്‍ശകരാണ് ഇക്കൊല്ലം വര്‍ധിച്ചത്. കൊവിഡിന് മുമ്പത്തെ കണക്കുകളില്‍ നിന്ന് 21.12 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി. ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവുമധികമെത്തിയത് എറണാകുളം (33,18,391) ജില്ലയിലാണ്. ഇടുക്കി (26,61,934), തിരുവനന്തപുരം (25,61,787), തൃശൂര്‍ (18,22,020), വയനാട് (12,87,166) എന്നിങ്ങനെയാണ് കണക്കുകള്‍.
ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ഇക്കൊല്ലം സംസ്ഥാനം സര്‍വകാല റെക്കോര്‍ഡ് നേടുമെന്നും പുതിയ ടൂറിസം ഉത്പന്നങ്ങള്‍ക്കും ആകര്‍ഷണങ്ങള്‍ക്കുമൊപ്പം സംസ്ഥാനം നടപ്പിലാക്കുന്ന സുസ്ഥിര, അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിന് കൂടി ലഭിച്ച അംഗീകാരമാണിതെന്നുമാണ് വകുപ്പ് കരുതുന്നത്.
വിദേശ സഞ്ചാരികളുടെ വരവില്‍ കേരളം കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വിദേശ സഞ്ചാരികളുടെ വരവിലും കേരളത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവില്‍ സംസ്ഥാനം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം 2,06,852 വിദേശ സഞ്ചാരികളാണെത്തിയതിലൂടെ 116.25 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
വിദേശ സഞ്ചാരികളുടെ വരവിലും എറണാകുളമാണ് (2,04,549) മുന്നില്‍. തിരുവനന്തപുരം (98,179), ഇടുക്കി (68,798), ആലപ്പുഴ (19,685), കോട്ടയം (15,112) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നില.