കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ പരിഹാരം അനിവാര്യം: മാര്‍ ജോസഫ് പെരുന്തോട്ടം

കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ പരിഹാരം അനിവാര്യം: മാര്‍ ജോസഫ് പെരുന്തോട്ടം

ആലപ്പുഴ: കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ പരിഹാരം അനിവാര്യമാണെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. തകഴിയില്‍ കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യ കര്‍ഷകരുടെ നീറുന്ന പ്രശ്‌നത്തിന്റെ ഒരു ബഹിര്‍സ്പൂരണമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ആര്‍ച്ച് ബിഷപ് ഊന്നിപ്പറഞ്ഞു. സിബല്‍ സ്‌കോറിന്റെ അപര്യാപ്തത മൂലം ആത്മഹത്യ ചെയ്ത പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പെരുന്തോട്ടം.

കാര്‍ഷിക വായ്പകള്‍ സിബില്‍ സ്‌കോര്‍ പരിധിയില്‍ നിന്നും എടുത്തു കളയണമെന്നും കര്‍ഷകന്റെ ലോണിന് സര്‍ക്കാര്‍ തന്നെ ഗ്യാരണ്ടി നില്‍ക്കേണ്ടതുമുണ്ട്. വേദനിക്കുന്ന പ്രസാദിന്റെ കുടുംബത്തോടൊപ്പം ചങ്ങനാശേരി അതിരൂപത ഉണ്ടാവുമെന്നും ആര്‍ച്ച് ബിഷപ് ഉറപ്പ് നല്‍കി.

ഇനി ഒരു കര്‍ഷകനും ഈ ദാരുണസ്ഥിതിക്ക് അവസരം ഉണ്ടാക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രണ്ടാം കൃഷിയുടെ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിലും പുഞ്ചക്കൃഷി ആരംഭിക്കാന്‍ പോകുന്ന ഈ അവസരത്തിലും കര്‍ഷകന് അനുകൂലമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ കര്‍ഷക സൗഹൃദമായി പെരുമാറണമെന്നും ബിഷപ് ഓര്‍മിപ്പിച്ചു.

മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. ജെയിംസ് പാലയ്ക്കല്‍, ഫാ.ജോര്‍ജിന്‍ വെളിയത്ത്, ഫാ.ഫിലിപ് വൈക്കത്തുകാരന്‍, ഫാ. ജോസഫ് കൊല്ലാറ, ഫാ.ജോണ്‍ വടക്കേകളം, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ടോം ജോസഫ് ചമ്പക്കുളം, ജിനോ ജോസഫ്, ടോമിച്ചന്‍ മേപ്പുറം എന്നിവര്‍ സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.