ആലപ്പുഴ: കോണ്‍വെന്റ് സ്‌ക്വയറില്‍ നാല് വയസുകാരി മരിച്ച അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച 16 കാരനെ കണ്ടെത്തി. വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം കോണ്‍വെന്റ് സ്‌ക്വയറില്‍ ബന്ധുവിന്റെ വിവാഹ നിശ്ചയച്ചടങ്ങിനെത്തിയവരെ യാത്രയാക്കാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു ഫാത്തിമ എന്ന നാല് വയസുകാരിയെ അമിത വേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പിന്നീട് കുട്ടിയെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ സ്‌കൂട്ടറിനായി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിരുന്നു.
സംഭവ സമയത്ത് രണ്ട് പേരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 16 കാരനെയും വാഹനത്തിന്റെ ഉടമയേയും പൊലീസ് കണ്ടെത്തുകയായിരുന്നു. മനപൂര്‍വം അല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനം ഓടിച്ചിരുന്ന ആള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരത്തുക വാഹന ഉടമ ഒടുക്കേണ്ടി വരും.