സിഡ്നി: വടക്കന്‍ ഓസ്ട്രേലിയയില്‍ മുതലകള്‍ നിറഞ്ഞ നദിയില്‍ ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോയി കാണാതായ മുന്‍ റേഡിയോ അവതാരകന്‍ റോമന്‍ ബുച്ചാസ്‌കിക്കായി ഊര്‍ജിത തിരച്ചില്‍. ക്വീന്‍സ് ലന്‍ഡിലെ വിദൂര മേഖലയായ കേപ് യോര്‍ക്ക് പെനിന്‍സുലയിലെ ഒലിവര്‍ നദിയിലാണ് ഇദ്ദേഹത്തെ ഞായറാഴ്ച കാണാതായതെന്ന് 'ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആകാശമാര്‍ഗവും കരയിലൂടെയും ഹെലികോപ്റ്ററുകള്‍ അടക്കം ഉപയോഗിച്ച് വന്‍ സന്നാഹത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. നദിക്കു സമീപത്തു നിന്ന് റോമന്‍ ബുച്ചാസ്‌കിയുടെ ചില സാധനങ്ങള്‍ കണ്ടെത്തിയിരുന്നു.
ബുച്ച് എന്നറിയപ്പെടുന്ന ബുച്ചാസ്‌കി മത്സ്യത്തൊഴിലാളിയും സിഡ്നി റേഡിയോ സ്റ്റേഷന്‍ '2 ജിബി'യുടെ മത്സ്യബന്ധന ഷോയുടെ മുന്‍ അവതാരകനുമായിരുന്നു സിഡ്‌നി സ്വദേശിയാണ് ഈ അറുപതുകാരന്‍.
ഞായറാഴ്ച ഒലിവര്‍ നദിയില്‍ മത്സ്യബന്ധനത്തിനായി പോയ ബുച്ചാസ്‌കി മടങ്ങി വരാതിരുന്നതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.
ഈ പ്രദേശം ധാരാളം മുതലകളുടെയും വിഷപ്പാമ്പുകളുടെയും ആവാസ കേന്ദ്രമാണെന്ന് ക്വീന്‍സ്ലന്‍ഡ് പോലീസ് സീനിയര്‍ സര്‍ജന്റ് ഡുവാന്‍ ആമോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ബുച്ചാസ്‌കിക്ക് ഈ പ്രദേശം പരിചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റോമന്‍ ബുച്ചാസ്‌കി മുതലയുടെ ഇരയായേക്കാമെന്ന് ആശങ്കയുണ്ട്. റോമന്‍ ബുച്ചാസ്‌കിക്കായുള്ള രക്ഷാപ്രവര്‍ത്തനം ആഗോള മാധ്യമങ്ങളും ഉറ്റുനോക്കുകയാണ്.
തിരച്ചിലിന്റെ മൂന്നാം ദിവസം നദിക്ക് സമീപം ബുച്ചാസ്‌കിയുടെ ചില സാധനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയയുടെ ഉഷ്ണമേഖലാ വടക്ക് ഭാഗത്ത് മുതലകള്‍ ധാരാളമുണ്ട്, രാജ്യത്ത് മുതല ആക്രമണങ്ങള്‍ അസാധാരണമാണെങ്കിലും, ഈ വര്‍ഷം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മെയ് മാസത്തില്‍ കെവിന്‍ ഡാര്‍മോഡി എന്ന 65 കാരനായ മത്സ്യത്തൊഴിലാളിയുടെ അവശിഷ്ടങ്ങള്‍ 4.1 മീറ്റര്‍ നീളമുള്ള മുതലയ്ക്കുള്ളില്‍നിന്ന് കണ്ടെത്തിയിരുന്നു. 1985-നു ശേഷം ക്യൂന്‍സ്ലന്‍ഡിലുണ്ടാകുന്ന 13-ാമത്തെ മാരകമായ ആക്രമണമാണിത്.