നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ; നെല്‍ കര്‍ഷകര്‍ക്ക് തിരിച്ചടി, ആശങ്ക

 നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ; നെല്‍ കര്‍ഷകര്‍ക്ക് തിരിച്ചടി, ആശങ്ക

പാലക്കാട്: സംസ്ഥാനത്തെ നെല്‍ കര്‍ഷകരെ വീണ്ടും ദ്രോഹിച്ച് സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി 2,200 കിലോയില്‍ നിന്ന് 2,000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് നല്‍കേണ്ടി വരുമെന്ന ഭീതിയിലാണ് നെല്‍ കര്‍ഷകര്‍.

സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ല് സംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2,200 കിലോ നെല്ലാണ് കര്‍ഷകരില്‍ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സര്‍ട്ടിഫിക്കറ്റും (പി.ആര്‍.എസ്) കര്‍ഷകര്‍ക്ക് കിട്ടി.

എന്നാല്‍ ഏക്കറിന് 2000 കിലോ നെല്ല് മാത്രമേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ല് സംഭരണത്തിനുള്ള സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ നെല്ല് കൊടുത്ത കര്‍ഷകര്‍ ആശങ്കയിലാണ്. അധികം വരുന്ന നെല്ല് എന്ത് ചെയ്യുമെന്ന് കര്‍ഷകര്‍ക്ക് അറിയില്ല.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം വന്നാല്‍ ഉടന്‍ തന്നെ സംഭരണ വില നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിട്ടുണ്ട്. കിലോയ്ക്ക് 28 രൂപ 20 പൈസയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. 2000 കിലോ എന്ന പരിധി രണ്ടാം വിളയ്ക്കും ബാധകമാക്കിയാല്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.