'കൊച്ചിയിലേതു പോലെ ഒന്ന് കോഴിക്കോടും പൊട്ടിക്കും': കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; അന്വേഷണം ആരംഭിച്ചു

'കൊച്ചിയിലേതു പോലെ ഒന്ന് കോഴിക്കോടും പൊട്ടിക്കും': കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. 'കൊച്ചിയില്‍ പൊട്ടിച്ചതുപോലെ ഒന്ന് കോഴിക്കോടും പ്രതീക്ഷിച്ചോ' എന്നാണ് കത്തില്‍ പ്രധാന വാചകം.

പിണറായിയുടെ പൊലീസ് ഇനിയും വേട്ട തുടര്‍ന്നാല്‍ കോഴിക്കോടും പൊട്ടിക്കും സൂക്ഷിച്ചോയെന്നും കത്തില്‍ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി.

അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കന്ന നവകേരള സദസ് നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് വന്നത്. അതിനാല്‍ അധികൃതര്‍ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കത്തിനെക്കുറിച്ച് കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.

ഒക്ടോബര്‍ 29 നാണ് കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വയനാട് പേരിയയില്‍ പൊലീസുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് വനിതകള്‍ തലശേരിയിലെത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

ലത, സുന്ദരി എന്നിവര്‍ തലശേരിയില്‍ ബസ് ഇറങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവര്‍ക്കായി കണ്ണൂര്‍ സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.