കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തി പൊലീസ്. കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണ് സൂചന. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.
സുരേഷ് ഗോപി 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഇനി നോട്ടീസ് അയക്കേണ്ടെന്ന തീരുമാനം.
മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം നടക്കാവ് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. വിളിക്കുമ്പോള്‍ ഹാജരാകണം എന്ന നോട്ടീസ് നല്‍കിയാണ് അദേഹത്തെ വിട്ടയച്ചത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടെ ഹോട്ടലില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി പിടിച്ചതാണ് വിവാദമായത്. മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞുമാറിയിട്ടും സുരേഷ് ഗോപി ഇത് തുടര്‍ന്നുവെന്നാണ് ആരോപണം.
ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കമ്മീഷണര്‍ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.