റിഷി സുനകിന് തിരിച്ചടി; അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതി നിയമ വിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി

റിഷി സുനകിന് തിരിച്ചടി; അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതി നിയമ വിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി

ലണ്ടന്‍: ബ്രിട്ടനിലുള്ള അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി റഷി സുനക്കിന് കനത്ത തിരിച്ചടി. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതി നിയമവിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി വിധിച്ചു. റുവാണ്ടയിലേക്ക് നാടുകടത്തുന്നതിലൂടെ അഭയാര്‍ത്ഥികളെ മോശം സാഹചര്യത്തിലേക്ക് തള്ളിവിടുന്നത് മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധമാണെന്നും വിധിയില്‍ പറയുന്നു. അതേസമയം, വിധി വന്നതിനു പിന്നാലെ അടിയന്തര നിയമം പാസാക്കുമെന്ന് റിഷി സുനക് വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനെ സുപ്രീം കോടതി ഏകകണ്ഠമായാണ് എതിര്‍ത്തത്. റുവാണ്ടയെ സുരക്ഷിത രാജ്യമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. തിരോധാനങ്ങളും ജനങ്ങള്‍ക്കെതിരെയുള്ള നിരന്തര പീഡനങ്ങളും ഉള്‍പ്പെടെയുള്ള റുവാണ്ടയുടെ മോശം മനുഷ്യാവകാശ രേഖയെ ഉദ്ധരിച്ചാണ് ബ്രിട്ടീഷ് സുപ്രീം കോടതി ജസ്റ്റിസ് റോബര്‍ട്ട് റീഡ് വിധി പറഞ്ഞത്.

ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാനാണ് റിഷി സുനക് സര്‍ക്കാര്‍ വിവാദ ഉത്തരവിറക്കിയത്. അനധികൃത കുടിയേറ്റ ബില്‍ എന്ന് വിളിക്കപ്പെടുന്ന ഈ കരട് നിയമം ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ വഴിയെത്തുന്നവരെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അനധികൃതമായി ബ്രിട്ടനില്‍ എത്തിയവര്‍ക്ക് നിയമപരമായ ഒരു ആനുകൂല്യവും ലഭിക്കുകയില്ലെന്നും, അങ്ങനെയുള്ളവര്‍ക്ക് രാജ്യത്ത് തുടരാനോ മനുഷ്യാവാകാശങ്ങള്‍ അവകാശപ്പെടാനോ സാധിക്കില്ലെന്നായിരുന്നു മാര്‍ച്ചില്‍ റിഷി സുനക് എക്സില്‍ കുറിച്ചത്.

ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനകളും അഭയാര്‍ത്ഥി സംഘടനകളും വിധിയെ അനുകൂലിച്ച് രംഗത്തെത്തി. സഹാനുഭൂതിയും മാന്യതയും ഉയര്‍ത്തിപ്പിടിക്കുന്ന ബ്രിട്ടീഷ് മൂല്യങ്ങളുടെ അടയാളമാണ് ഈ വിധിയെന്നാണ് ബ്രിട്ടനിലെ ചാരിറ്റി ആക്ഷന്‍ എയ്ഡ് വ്യക്തമാക്കിയത്.

അനധികൃത അഭയാര്‍ത്ഥികള്‍ക്കെതിരെ നിലപാട് ശക്തമാക്കിയ റിഷി സുനകിന് ഇനി നയങ്ങള്‍ നടപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഹോം സെക്രട്ടറി സുവല്ല ബ്രേവര്‍മാനെ നീക്കിയതിന് വലതുപക്ഷ അനുഭാവികളില്‍ നിന്ന് രൂക്ഷ വിമര്‍ശനം സുനക് നേരിടുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനമെത്തുന്നത്.

കഴിഞ്ഞ വര്‍ഷം 45756 പേരാണ് ചെറുബോട്ടുകളില്‍ ഫ്രാന്‍സ് വഴി ബ്രിട്ടനിലെത്തിയത്. ഇറാന്‍, ആല്‍ബേനിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അനധികൃത കുടിയേറ്റക്കാരില്‍ ഏറിയ പങ്കും.

റുവാണ്ടയുമായി ഒരു പുതിയ ഉടമ്പടിയില്‍ താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തെ കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലമായി പ്രഖ്യാപിക്കാന്‍ അടിയന്തര നിയമം കൊണ്ടുവരുമെന്നും സുനക് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.