ആദിത്യശ്രീയുടെ മരണം: ഫോണ്‍ പൊട്ടിത്തെറിച്ചല്ല; പൊട്ടിയത് പന്നിപ്പടക്കമെന്ന് ഫൊറന്‍സിക് ഫലം

ആദിത്യശ്രീയുടെ മരണം: ഫോണ്‍ പൊട്ടിത്തെറിച്ചല്ല;  പൊട്ടിയത് പന്നിപ്പടക്കമെന്ന് ഫൊറന്‍സിക് ഫലം

തൃശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പില്‍ എട്ടുവയസുകാരി ആദിത്യശ്രീയുടെ മരണത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം.

കഴിഞ്ഞ ഏപ്രില്‍ 24 ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ (8) മരിച്ചത്. ഫോണിന്റേയും മുറിയില്‍നിന്ന് ലഭിച്ച കിടക്കയുടെ അവശിഷ്ടങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ഫോണ്‍ പൊട്ടിത്തെറിയല്ല അപകടകാരണമെന്ന് വ്യക്തമായത്.

ആദിത്യശ്രീ ഫോണ്‍ ഉപയോഗിക്കുമ്പോഴായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഇതേ തുടര്‍ന്നായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന നിഗമനത്തിലേക്ക് പോലീസും മറ്റും എത്തിയത്. പന്നിപ്പടക്കമോ അതിന് സമാനമായ സ്ഫോടക വസ്തുവോ പൊട്ടിത്തെറിച്ചാവാം അപകടമുണ്ടായത് എന്നാണ് ഫൊറന്‍സിക് പരിശോധനാഫലം നല്‍കുന്ന സൂചന.

പരിശോധനയില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സള്‍ഫറിന്റേയും സാന്നിധ്യം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു വിശദ പരിശോധന നടത്തിയത്. പന്നിക്ക് കെണിവെച്ച പടക്കം കുട്ടി എടുത്തുകൊണ്ടുവന്ന് മുറിയില്‍ കൊണ്ടുപോയി കളിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് നിഗമനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.