അമ്മയ്ക്കും കുഞ്ഞനുജത്തിക്കും പിന്നാലെ പ്രവീണും; കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി

അമ്മയ്ക്കും കുഞ്ഞനുജത്തിക്കും പിന്നാലെ പ്രവീണും; കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി: കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ (24) ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (45), സഹോദരി ലിബിന (12) എന്നിവര്‍ മരിച്ചിരുന്നു. ലിബിന സ്‌ഫോടന ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിനു ഗുരുതരമായി പൊള്ളലേറ്റത്.

പ്രദീപിന്റെ മറ്റൊരു മകന്‍ രാഹുലിനും സ്‌ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. 11 പേരാണ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍ ആറുപേര്‍ ഇപ്പോഴും ഐസിയുവിലാണ്.

ഒക്ടോബര്‍ 29 ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവെ രണ്ടായിരത്തിലേറെപ്പേര്‍ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്‌ഫോടനം നടന്നത്. കേസിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസ് കസ്റ്റഡിയിലാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.