കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മണ്ണിട്ട് സര്‍ക്കാര്‍; പദ്ധതി അവതാളത്തില്‍

കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മണ്ണിട്ട് സര്‍ക്കാര്‍; പദ്ധതി അവതാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍. സര്‍ക്കാര്‍ ഫണ്ട് കൃത്യസമയത്ത് ലഭ്യമാകാത്തതിനാല്‍ പല സ്‌കൂളുകളിലും കടം പറഞ്ഞാണ് ഉച്ചഭക്ഷണത്തിലുള്ള സാധനങ്ങള്‍ വാങ്ങുന്നത്. കേന്ദ്ര ഫണ്ട് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ചിലവിനായി നാട്ടുകാരില്‍ നിന്നായി പലിശ രഹിത വായ്പ സ്വീകരിക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു.

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെയും പ്രഭാത ക്ഷണത്തിന്റെയും ചിലവിനായി സ്വകാര്യ വ്യക്തികളില്‍ നിന്നു പണം സ്വരൂപിച്ചും സ്പോണ്‍സര്‍മാരെ കണ്ടെത്തിയും നടപ്പാക്കാമെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

എന്നാല്‍ രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൗര പ്രമുഖര്‍ എന്നിവരില്‍ നിന്ന് പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കഴിയുമോ എന്നു ഉച്ചഭക്ഷണ സംരക്ഷണ സമിതി ചര്‍ച്ച ചെയ്തു തീരുമാനിക്കണം. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍ സ്‌കൂളുകളില്‍ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്‌കൂളില്‍ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം.

പലിശ രഹിത വായ്പയുടെ ഉത്തരവാദിത്വം പ്രധാന അധ്യാപകര്‍ക്കാണ്. ഫണ്ട് ലഭിക്കുന്ന മുറയ്ക്കു വായ്പാ തുക തിരികെ നല്‍കേണ്ടതും പ്രധാന അധ്യാപകരാണ്. ഇതു കൂടാതെ നിലവില്‍ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്‌കൂളുകളില്‍ പിടിഎ ഫണ്ടില്‍ നിന്നോ തദ്ദേശ സ്ഥാപന തനതു ഫണ്ടില്‍ നിന്നോ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നു സംഭാവനകള്‍, സ്പോണ്‍സര്‍ഷിപ്പ് എന്നിവ സ്വീകരിച്ചോ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കാമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ പറ്റാത്ത ഒരു സര്‍ക്കാര്‍ നവകേരള സദസ് എന്ന പേരില്‍ കാണിക്കുന്ന ധൂര്‍ത്ത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സത്യത്തില്‍ നവ കേരള സദസ് എന്ന് പറയുന്നത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നതിനു മുന്‍പായി ജനങ്ങളെ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നതിലൂടെ സത്യത്തില്‍ പ്രചരണം തന്നെയല്ലേ നടത്തുന്നത്.

ഉച്ചക്കഞ്ഞി പോലും കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കടം പറയുന്ന സര്‍ക്കാര്‍ കാണിക്കുന്ന ധൂര്‍ത്ത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.