കോഴിക്കോട്: പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളജ് പ്രധാന അധ്യാപികയായി 1993 ലാണ് വിരമിച്ചത്. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യ കൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാ വിവരണങ്ങളും എഴുതി.
വയനാട്ടിലെ ആദിവാസി ജീവിതത്തെ മുന്‍നിര്‍ത്തി രചിച്ച 'നെല്ല്' എന്ന നോവലിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധേയയായത്. 'തകര്‍ച്ച' ആണ് ആദ്യ നോവല്‍. 'നിഴലുറങ്ങുന്ന വഴികള്‍' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1975)ലഭിച്ചു. 2007 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു.
തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം (2017), 2021 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.