മലപ്പുറം: നവകേരള സദസിന് ആളെക്കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദേശം. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെങ്കിലും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് പുതിയ ഉത്തരവ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിക്രമന്‍ വിളിച്ചു ചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടില്ല.
വാക്കാലുള്ള നിര്‍ദേശമാണ് പ്രധാനാധ്യാപകര്‍ക്ക് ലഭിച്ചത്. ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികള്‍ വേണമെന്നായിരുന്നു നിര്‍ദേശം. ഇവര്‍ അച്ചടക്കമുള്ള കുട്ടികളാകണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. നവകേരള സദസിലേക്ക് കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ എത്തിക്കാമെന്നും ഡിഇഒ പറഞ്ഞിരുന്നു.
താനൂര്‍, പരപ്പനങ്ങാടി, വേങ്ങര, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ ഓരോ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വാക്കാലുള്ള നിര്‍ദേശം വാര്‍ത്തയാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെ ഉത്തരവില്‍ വിശദീകരണവുമായി ഡിഇഒ രംഗത്തെത്തി. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഡിഇഒ വിക്രമന്റെ വിശദീകരണം.
സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ നവകേരള സദസിനായി കൊണ്ടുപോകാമെന്നും അതിനുവേണ്ടി സ്‌കൂള്‍ ബസ് ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നുമായിരുന്നു നിര്‍ദേശമെന്ന് വ്യക്തമാക്കി ഡിഇഒ മലക്കം മറിയുകയായിരുന്നു.
നവകേരള സദസിനായി സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവ് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം ഹൈക്കോടതിയിലെത്തിയതോടെ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ കുട്ടികളെ വേണമെന്ന നിര്‍ദേശമെത്തുകയും വിവാദമാകുകയും ചെയ്തത്.
താനൂര്‍ ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് 200 കുട്ടികള്‍ വീതവും മറ്റ് ഉപജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് നൂറ് കുട്ടികള്‍ വീതവും വേണമെന്നായിരുന്നു പ്രധാനാധ്യാപകര്‍ക്ക് ലഭിച്ച കര്‍ശന നിര്‍ദേശം.