കുവൈറ്റ് സിറ്റി: സീറോ മലബാർ സഭയുടെ ആരാധന ഭാഷയായ സുറിയാനി ഭാഷയെക്കുറിച്ച് അറിയുവാനും പഠിക്കുവാനും വേണ്ടി എസ് എം സി എ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ സുറിയാനി ഭാഷാ പഠനകേന്ദ്രം ആരംഭിച്ചു.

സീറോ മലബാർ സഭയുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ ഓർമ്മ ദിനമായ നവംബർ 21-ന് പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സെൻ്റ് ഡാനിയേൽ കംബോണി ഇടവക അസിസ്റ്റന്റ് വികാരി ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ Ofm Cap നിർവ്വഹിച്ചു.

സീറോ മലബാർ സഭയുടെ ആരാധനക്രമ ഭാഷയായ സുറിയാനി ഭാഷയെ പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കാൻ പഠന കേന്ദ്രത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

എസ്എംസിഎ വൈസ് പ്രസിഡൻ്റ് ബോബി കയ്യാലപ്പറമ്പിൽ അധ്യക്ഷനായിരുന്നു.

അബ്ബാസിയാ ഏരിയ കൺവീനർ ഷാജു ദേവസി, വിമൻസ് വിംഗ് പ്രസിഡൻ്റ് ലിറ്റ്സി സെബാസ്റ്റ്യൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മലയാള ഭാഷാ പഠനകേന്ദ്രം അസി. ഹെഡ്മാസ്റ്റർ രാജേഷ് ജോർജ് കൂത്രപ്പള്ളി സുറിയാനി ഭാഷയിലെ അക്ഷരമാലയെക്കുറിച്ച് ചെറു വിവരണം നടത്തി.

കൾച്ചറൽക്കമ്മിറ്റി കൺവീനർ സന്തോഷ് ഒടേറ്റിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്എംസിഎ ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി സ്വാഗതവും ദിലീപ് ആഗസ്തി നന്ദിയും പറഞ്ഞു. സാം ആൻ്റണി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

