സ്ലൈഗോ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

സ്ലൈഗോ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

സ്ലൈഗോ(അയർലണ്ട്): സ്ലൈഗോയിലെ പ്രഥമ മലയാളി അസോസിയേഷന്റെ ഉദ്ഘാടനം നവംബര്‍ നാലിന് വൈകുന്നേരം 3.30 ന് രാത്‌കോര്‍മക് സ്‌കൂളില്‍ നടന്നു. സ്ലൈഗോയിലെ ആദ്യകാല മലയാളികള്‍ ആയ തോമസ് മാത്യു, റോയ് തോമസ് എന്നിവര്‍ ഒരുമിച്ചു നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രസിഡന്റ് ജോസ് പോള്‍ ഞാളിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷാജി സംഘടന ഭാരവാഹികളായ ജോസ്, അനൂപ് രാജേഷ് ബാബു, മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ലൈഗോ മലയാളി കൂട്ടായ്മയിലെ കുരുന്നുകളും ചടങ്ങില്‍ തിരിതെളിയിച്ചു. അസോസിയേഷന്‍ന്റെ ഭാവി പ്രവര്‍ത്തനങ്ങളെ പറ്റിയും മലയാളികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണ്ട ആവശ്യകതയെപറ്റിയും സംഘടന ഭാരവാഹികള്‍ വിലയിരുത്തി.

യോഗത്തില്‍ അസോസിയേഷന്റെ താല്‍കാലിക ഭരണസമിതി പുനക്രമീകരിച്ചു. മലയാളി അസോസിയേഷന്‍ സ്ലൈഗോയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി ആറിന് രാത്‌കോര്‍മക് സ്‌കൂള്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജോസ് പോള്‍ അറിയിച്ചു.

തുടര്‍ന്ന് അയര്‍ലന്‍ഡിലെ പ്രശസ്ത ബാന്‍ഡ് ആയ Soul Beats ന്റെ ഗാനസന്ധ്യ ആസ്വദിക്കാന്‍ 300-റോളം മലയാളികള്‍ ഒത്തുകൂടി. വൈകുന്നേരം ഏഴിന് സ്‌പൈസ് ഇന്ത്യ (Spice India) യുടെ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. തുടര്‍ന്ന് 8.30ഓടെ യോഗം പിരിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.