ദുബായ്: മെട്രോയിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഇത് പൂർത്തിയാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ജബൽ അലി, ഖിസൈസ് മെട്രോ ഡിപ്പോകളിലാണ് സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത്. യുഎഇയുടെ സീറോ എമിഷൻ നയത്തിന്റെ ഭാഗമായാണ് പദ്ധതി.
പൊതുഗതാഗതം, കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും, മാലിന്യ സംസ്‌കരണം എന്നീ മൂന്ന് പ്രാഥമിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, 2050 നകം നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താൻ ലക്ഷ്യമിട്ടുള്ള ആർടിഎയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണിത്. ഈ പദ്ധതിയിലൂടെ ദുബായ് സർക്കാരിന്റെ ‘ഷാംസ് ദുബായ്’ സംരംഭവും ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജിയും യാഥാർഥ്യമാക്കാൻ ആർടിഎ ശ്രമിക്കുന്നതായി അധികൃതർ പറഞ്ഞു