പാലാ: പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു. അസംബ്ലിയുടെ ഭാഗമായി വിവിധ കര്‍മപരിപാടികള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് പ്രഖ്യാപിച്ചു. രൂപതയിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗത്തിലും റിസോഴ്‌സ് ടീം രൂപീകരിക്കുമെന്നും ബിഷപ് അറിയിച്ചു. ആത്മീയ, വൈജ്ഞാനീക, സാമൂഹീക, ജീവകാരുണ്യ രംഗങ്ങളിലാണ് വിവിധ പദ്ധതികള്‍ക്ക് അസംബ്ലി രൂപം നല്‍കിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കിയത്. പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന രൂപതയുടെ കൂടുതല്‍ ആത്മീയ മുന്നേറ്റത്തിന് ഉതകുന്ന കര്‍മപദ്ധതികള്‍ക്കാണ് മുന്‍ഗണനാ നല്‍കിയിട്ടുള്ളത്.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ഡോ. സെബാസ്റ്റിയന്‍ വേത്താനത്ത്, മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ റവ.ഡോ. ജോസഫ് കുറ്റിയാങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.കെ.കെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.