കൊച്ചി: നവകേരള സദസിനായി സ്‌കൂളിന്റെ മതിലും കൊടിമരവും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് കത്ത്. പെരുമ്പാവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ് സ്വാഗത സംഘം ചെയര്‍മാന്‍ ബാബു ജോസഫാണ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
നവകേരള സദസിലേക്ക് എത്തുന്ന പരാതിക്കാര്‍ക്കായി മൂന്നു മീറ്റര്‍ വീതിയില്‍ മതില്‍ പൊളിക്കണം, ഗ്രൗണ്ടിലേക്ക് ബസ് ഇറക്കുന്നതിനായി റാമ്പ് വീതി കൂട്ടണം, സ്‌കൂളിന് മുന്നിലെ കൊടിമരം നീക്കം ചെയ്യണം, കൊടിമരത്തിന് മുന്നിലെ മരച്ചില്ലകള്‍ വെട്ടി മാറ്റുണം, ജീര്‍ണാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കണം എന്നീ നിര്‍ദേശങ്ങളാണ് കത്തിലുള്ളത്. ഇതില്‍ മതിലും കൊടിമരവും പുനര്‍നിര്‍മിച്ച് നല്‍കുമെന്ന് കത്തില്‍ പിന്നീട് എഴുതിച്ചേര്‍ത്തിട്ടുണ്ട്.

സ്വാഗത സംഘം ചെയര്‍മാന്‍ ബാബു ജോസഫ് നഗരസഭ സെക്രട്ടറിക്ക് നല്‍കിയ കത്ത്.
എന്നാല്‍ കത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് പറഞ്ഞു. നിലവില്‍ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്.
മതിലും കൊടിമരവും പൊളിക്കുന്നത് അനാവശ്യമാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. നഗരസഭാ സെക്രട്ടറി അവധിയിലായതിനാല്‍ ഇക്കാര്യം സംസാരിക്കാനായിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.