മോചനദ്രവ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചത് പാരിപ്പള്ളിയിലെ കടയില്‍ നിന്ന്; അഭിഗേലിനായി അന്വേഷണം ഊര്‍ജിതം

മോചനദ്രവ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചത് പാരിപ്പള്ളിയിലെ കടയില്‍ നിന്ന്; അഭിഗേലിനായി അന്വേഷണം ഊര്‍ജിതം

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് അറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. ഫോണ്‍ കോള്‍ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്നാണെന്ന സൂചന ലഭിച്ചു.

ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുന്നു. സൈബര്‍ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി അഭിഗേലിനായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ പൊലീസ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ പൊലീസ് ചെറുതും വലുതുമായ വാഹനങ്ങള്‍ അരിച്ചു പെറുക്കുകയാണ്.

പ്രധാന റോഡുകളിലുള്‍പ്പെടെ കാര്‍ കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ വഴികളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

സംഭവത്തില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് പ്രാഥമിക വിവരം. ഈ കാര്‍ മുന്‍പും സ്ഥലത്ത് കണ്ടതായാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ജൊനാഥന്‍ പറഞ്ഞത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന സംഘത്തിലെ സ്ത്രീ കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഈ ഫോണ്‍ കോളാണ് പാരിപ്പള്ളിയിലെ കടയില്‍ നിന്ന് വിളിച്ചതായി സൂചന ലഭിച്ചത്.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭിഗേല്‍ സാറയെ ഓയൂര്‍ മരുതമണ്‍പള്ളിക്കു സമീപത്തു നിന്ന് ഇന്ന് വൈകുന്നേരം നാലരയോടെയാണ് തട്ടിക്കൊണ്ടു പോയത്. കാറില്‍ ഒരു സ്ത്രീയടക്കം നാല് പേരാണുണ്ടായിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്നീ മൊബൈല്‍ നമ്പറില്‍ അറിയിക്കുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.