ദുബായ്: ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (കോപ്28) യിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ ഭരണാധികാരിയുമായി സംഭാഷണം നടത്തിയതായി അറിയിച്ച് മോഡി അമീറിനൊപ്പമുള്ള ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കിട്ടു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേവും ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളും സംഭാഷണ വിഷയമായെന്ന് മോഡി കുറിച്ചു. കഴിഞ്ഞ ഒക്ടോബർ 26 ന് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ അപ്പീൽ ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കൂടിക്കാഴ്ച പ്രാധാന്യമർഹിക്കുന്നു. വെള്ളിയാഴ്ച ദുബായിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇന്നലെയാണ് പങ്കുവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാല് സെഷനുകളെ അഭിസംബോധന ചെയ്യുകയും വിവിധ ലോക നേതാക്കളെ കാണുകയും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.