കെ.സി.ബി.സി-കെ.സി.സി ജനറല്‍ ബോഡി യോഗം കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ അലക്സ് വടക്കുംതല, പ്രൊഫ. ബീന സെബാസ്റ്റ്യന്‍, ജെസി ജെയിംസ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എന്നിവര്‍ സമീപം.
കൊച്ചി: യുവജനങ്ങളോടൊപ്പം നടക്കാനും അവരെ ധൈര്യപ്പെടുത്തി വ്യക്തമായ ജീവിത ദര്‍ശനം നല്‍കാനും മുതിര്‍ന്നവര്‍ക്കാകണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കത്തോലിക്കാ സഭയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കെ.സി.സിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
യുവത്വം അതിവേഗത്തില്‍ സഞ്ചരിക്കുന്ന അനുഭവമാണ് ഓരോ വ്യക്തിക്കും സ്വജീവിതത്തില്‍ കാണാനാകുന്നത്. ഇന്ന് യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് സമാനമായവ തങ്ങളുടെ ജീവിതത്തിലും അനുഭവിച്ചവരാണ് മുതിര്‍ന്ന പൗരന്മാര്‍.
സഭയുടെ പ്രത്യാശയും ചൈതന്യവുമാണ് യുവജനങ്ങള്‍. ജീവിതത്തിന്റെ സങ്കീര്‍ണത നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ ഒറ്റക്കല്ല എന്ന ബോധ്യം അവര്‍ക്കു നല്‍കുന്നതിനും അവരെ കൂടെ നിര്‍ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു.
കെ.സി.ബി.സി വൈസ് പ്രസിഡന്റ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. 'കത്തോലിക്കാ യുവജനങ്ങള്‍ : വെല്ലുവിളികളും പ്രതിസന്ധികളും ഭാവിയും' എന്ന വിഷയത്തില്‍ പ്രൊഫ. ബീനാ സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു.
കെ.സി.ബി.സി സെക്രട്ടറി ജനറല്‍ ബിഷപ്പ് മാര്‍ അലക്സ് വടക്കുംതല മോഡറേറ്റര്‍ ആയിരുന്നു. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസി ജെയിംസ്, ടോമി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് കെ.സി.സി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജെ.ബി കോശി കമ്മീഷന്‍ അംഗവും രാഷ്ട്രപതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.