തിരുവനന്തപുരം: ഓരോ വര്‍ഷവും ഉയരുന്ന വിജയ ശതമാനം ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നുവെന്ന് അവകാശപ്പെടലുകള്‍ക്കിടെ സ്വയം വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്. പൊതു വിദ്യാഭ്യാസ രംഗത്തെ വാരി കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് വിമര്‍ശിച്ചിരിക്കുന്നത്.
അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നും അദേഹം പറയുന്നു. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ തയ്യാറാക്കാനായുള്ള ശില്‍പശാലയ്ക്കിടെയായിരുന്നു വിമര്‍ശനം.
അന്താരാഷ്ട്ര നിലവാരത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗമെന്നാണ് സര്‍ക്കാരിന്റെ വാദം. ഹൈ-ടെക് ക്ലാസ് റൂമുകളും മെച്ചപ്പെട്ട പഠന രീതികളുമാണ് പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയര്‍ന്ന വിജയ ശതമാനത്തിന് പിന്നിലെന്നുമാണ് വിലയിരുത്തല്‍. പൊതു പരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷെ 50 ശതമാനം മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുതെന്നാണ് അധ്യാപകരോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നത്.
ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. ജയിച്ചുകൊള്ളട്ടെ വിരോധമില്ല. എല്ലാവരും എ പ്ലസിലേക്കോ എന്നും എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോയെന്നും അദേഹം ചോദിക്കുന്നു. 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് കിട്ടുക എന്നുവച്ചാല്‍ തനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്ത കുട്ടികള്‍ വരെ അതിലുണ്ടെന്ന്. ചതി എന്നുപറയുന്നത് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണെന്നും എസ്. ഷാനവാസ് ഓര്‍മ്മപ്പെടുത്തി.
പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയര്‍ന്ന വിജയ ശതമാനത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകളാണിതെന്നതാണ് ഞെട്ടിക്കുന്നത്. വാരിക്കൊരി മാര്‍ക്ക് വിതരണം വേണ്ടെന്ന വാക്കാല്‍ നിര്‍ദേശത്തോടെയാണ് ശില്‍പശാല അവസാനിച്ചത്. ഈ വര്‍ഷം 99.7 ആയിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ വിജയശതമാനം. 68,604 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഫുള്‍ എ പ്ലസ്.
മൂല്യനിര്‍ണയം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് എസ്. ഷാനവാസ് പറയുന്നു.