തിരുവനന്തപുരം: കനക്കുന്നിലെ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിലാണ് മലയാളികള്‍. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച 'മ്യൂസിയം ഓഫ് ദ മൂണ്‍' കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്.
ബ്രിട്ടീഷുകാരനായ ലൂക്ക് ജെറമാണ് ചാന്ദ്ര മാതൃക മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോണമി സയന്‍സ് സെന്ററിലാണ്.
ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ ഗോളാകാരത്തില്‍ തൊട്ടടുത്ത് കാണാനുള്ള അവസരമാണ് 'മ്യൂസിയം ഓഫ് ദി മൂണ്‍' ഒരുക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിറയെ കനക്കുന്നിലെ ചന്ദ്രന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ്. പ്രദര്‍ശനം ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.