ഷഹ്നയുടെ മരണം: ഡോ.റുവൈസ് കസ്റ്റഡിയില്‍; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്, കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

ഷഹ്നയുടെ  മരണം: ഡോ.റുവൈസ് കസ്റ്റഡിയില്‍; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്, കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ.റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡോക്ടറുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രതി ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ മെഡിക്കല്‍ കോളജ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റുവൈസിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.

ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹ്നയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പി.ജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഡോ. റുവൈസിനെ പുറത്താക്കി. സംഭവത്തില്‍ ഡോക്ടര്‍ ഷഹ്നയുടെ ബന്ധുക്കള്‍ ഇന്ന് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കും.

വെഞ്ഞാറമൂട് സ്വദേശി ഷഹ്നനയെ ചൊവ്വാഴ്ചയാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ഷഹ്നയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും സ്ത്രീധനമായി 15 ഏക്കര്‍ സ്ഥലവും 150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.