മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ അന്തരിച്ചു

മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ അന്തരിച്ചു

താമരശേരി: താമരശേരി രൂപതാ വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് പത്തിന് കൂരാച്ചുണ്ട് സെയ്ന്റ് തോമസ് ഫൊറോന പള്ളിയില്‍ വി. കുര്‍ബാനയോടെ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാരം നടത്തും.
താമരശേരി രൂപതയുടെ കീഴിലുള്ള സ്റ്റാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും വയനാട് തോണിച്ചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന അരാമിയ സ്്കൂളിന്റെ ഉപദേശക സമിതി അംഗവുമായിരുന്നു.

കോട്ടയം കൊഴുവനാല്‍ ദേവസ്യ-അന്നമ്മ ദമ്പതിമാരുടെ എട്ടുമക്കളില്‍ നാലാമനായി 1944 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഫാ.ആന്റണി കൊഴുവനാലിന്റെ ജനനം.
സഹോദരങ്ങള്‍: പരേതനായ ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പുള), അന്നക്കുട്ടി മലേപ്പറമ്പില്‍ (കൂരാച്ചുണ്ട്), പാപ്പച്ചന്‍ (തെയ്യപ്പാറ), വക്കച്ചന്‍ (ചമല്‍), സാലി മാളിയേക്കല്‍ (കണ്ണോത്ത്), പരേതയായ മറിയക്കുട്ടി (കൂരാച്ചുണ്ട്).

1963 ല്‍ തലശേരി മൈനര്‍ സെമിനാരിയിലാണ് ദൈവശാസ്ത്ര പഠനത്തിന് ചേര്‍ന്നത്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ അദേഹം 1971 ഡിസംബര്‍ 27 ന് വൈദികനായി അഭിഷിക്തനായി. 1972 ല്‍ മാനന്തവാടി കണിയാരം പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ് അജപാലന ശുശ്രൂഷ ആരംഭിച്ചത്. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ ഫാ.ആന്റണി കൊഴുവനാല്‍ 1987 ല്‍ താമരശേരി രൂപതയുടെ ഭാഗമായി. അതേ വര്‍ഷം തന്നെ വള്ളില്ലപ്പുഴ ഇടവക വികാരിയായി ചുമതലയേറ്റു.

താമരശേരി രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍, മേരിക്കുന്നില്‍ പി.എം.ഒ.സി, വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍, കാരുണ്യഭവന്‍, തിരുവമ്പാടി, ചേവായൂര്‍ ഇടവക വികാരി എന്നിവയുടെ സ്ഥാപക ഡയറക്ടറായും അദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാമോയില്‍ ബഹിഷ്‌കരണം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റിന്റെ (ഇന്‍ഫാം) സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഫാ.ആന്റണി കൊഴുവനാല്‍.

2017 ഏപ്രില്‍ 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫാ. ആന്റണി കൊഴുവനാലിന് 'ചാപ്ലിന്‍ ഓഫ് ഹിസ് ഹോളിനസ്' പദവി നല്‍കി ആദരിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്റെ മിഷന്‍ ലീഗ് അവാര്‍ഡ്, മംഗളപത്രം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ ആരാധനാലയ ഗവേഷണ കേന്ദ്രം അംഗമായി ഒമ്പത് വര്‍ഷം സേവനമനുഷ്ഠിച്ചു. പിഎംഒസിയുടെ സമ്പൂര്‍ണ ബൈബിള്‍ വിവര്‍ത്തന കമ്മിറ്റിയില്‍ മതബോധന പാഠപുസ്തക രചനാ കമ്മിറ്റിയുടെ ചെയര്‍മാനായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.