ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം; തീരുമാനമെടുക്കാൻ സർക്കാരിന് നാലു മാസം : ഹൈക്കോടതി

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം; തീരുമാനമെടുക്കാൻ സർക്കാരിന് നാലു മാസം : ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ ന്യൂനപക്ഷക്ഷേമപദ്ധതികളിൽ വിവേചനപരമായി 80:20 എന്ന അനുപാതം സ്വീകരിച്ചു വരുന്ന വിഷയത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. കാത്തലിക് ഫെഡറേഷൻ ചാരിറ്റബിൾ സൊസൈറ്റിയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ന്യൂനപക്ഷങ്ങൾക്ക് പൊതുവായ പദ്ധതികളിൽ 80 % വിഹിതവും മുസ്ലിം സമുദായത്തിനും ബാക്കി വെറും 20 % മാത്രം ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, ജൈന, പാർസി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടി മാറ്റി വച്ചിരിക്കുന്ന അനീതിയെ ചോദ്യം ചെയ്തു കൊണ്ട് കാത്തലിക് ഫെഡറേഷൻ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി അഡ്വ. പി പി.ജോസഫ് ആണ് ഹർജി സമർപ്പിച്ചത്.

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വീതിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ 4 മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമെടുക്കണമെന്നാണ് ജനുവരി 7 ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തേ പരാതിക്കാരൻ ന്യൂനപക്ഷക്ഷേമപദ്ധതികളിലെ അനീതിയെക്കുറിച്ച് ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു എങ്കിലും മറുപടി ലഭ്യമാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് .

അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ സമാനമായ മറ്റൊരു ഹർജിയിൽ ഡിസംബർ 22 ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നൽകിയ ഉത്തരവ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് രണ്ടാഴ്ചക്കുള്ളിൽ അടിയന്തരമായി വിശദീകരണം നൽകുവാൻ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.