കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം.
പുല്ലരിയാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. കാണാതായതിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ സമയം കഴിഞ്ഞിട്ടും പ്രജീഷ് തിരിച്ചുവരാത്തതിനെ തുടര്‍ന്നായിരുന്നു സഹോദരന്‍ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മേഖലയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയുട്ടുണ്ട്. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. വാകേരി മേഖലയില്‍ കടുവയുടെ സാന്നിധ്യം നേരത്തെയും അനുഭപ്പെട്ടിട്ടുണ്ട്.