വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഹോപ് ഹിക്സ്, കൊറോണ വൈറസിന് പോസിറ്റീവ് ആയതിനെത്തുടർന്നു, താനും പ്രഥമ വനിതയും സ്വയം നിരീക്ഷണത്തിലാണന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ട്രംപിനൊപ്പം യാത്ര ചെയ്തതിന് ശേഷം കൊറോണ വൈറസിന് പോസിറ്റീവ് ആണന്നു പരിശോധനയിൽ തെളിഞ്ഞതായി ഹിക്‌സിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
താനും മെലാനിയ ട്രംപും കൊറോണ വൈറസ് പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
ചൊവ്വാഴ്ച ക്ലീവ്‌ലാൻഡിൽ നടന്ന ആദ്യ പ്രസിഡന്റ് ഡിബേറ്റിലും അവർ പ്രസിഡന്റുമായി സമ്പർക്കം പുലർത്തയിരുന്നു..ബുധനാഴ്ച മിനസോട്ട റാലിക്കായി പ്രസിഡന്റിനോടൊപ്പം അദ്ദേഹത്തിന്റെ ഹെലികോപ്റ്ററായ മറൈൻ വണ്ണിലും ഹിക്സ് യാത്ര ചെയ്തു.
താൻ കൊറോണ വൈറസ് പരിശോധന നടത്തിയെന്നും ഉടൻ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ്, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“അവർ പോസിറ്റീവാണ്” ട്രംപ് ഫോക്സ് ന്യൂസിൽ പറഞ്ഞു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ഹിക്സ് അനുഭവിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഏറ്റവും കൂടുതൽ കാലം ട്രംപിന്റെ രാഷ്ട്രീയ സഹായികളിലൊരാളായ ഹിക്സ്, 2015 ൽ ആരംഭിച്ച പ്രസിഡന്റ് കാമ്പെയ്ൻ ടീമിന്റെ ഭാഗമായിരുന്നു.
കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ച ഹിക്സ്, 2018 ൽ വൈറ്റ് ഹൗസ് വിട്ട് ഫോക്സിൽ ഒരു കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ജോലി ഏറ്റെടുത്തു. ഫെബ്രുവരിയിൽ, വൈറ്റ് ഹൗസിൽ പ്രസിഡന്റിന്റെ ഉപദേശകയായും, മുതിർന്ന ഉപദേശകന്റെ (ട്രംപിന്റെ മരുമകൻ) ജാരെഡ് കുഷ്‌നറുടെ സഹായിയായും മടങ്ങിയെത്തി. ട്രംപ് വീണ്ടും തിരഞ്ഞെടുപ്പ് തേടുമ്പോൾ ആശയവിനിമയ തന്ത്രത്തിൽ അവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ട്രംപിനൊപ്പം ഈ ആഴ്ച യാത്ര ചെയ്തവർ സ്വയം ക്വറന്റൈനിൽ പോകണമെന്ന്, ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ- സർജറി പ്രൊഫസർ ജോനാഥൻ റെയ്‌നർ, ട്വീറ്റുകളിൽ പറഞ്ഞു