സീറോ മലബാര്‍ സഭയ്ക്ക് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പ്: തെരഞ്ഞെടുപ്പ് ജനുവരിയില്‍, പ്രഖ്യാപനം മാര്‍പാപ്പയുടെ സ്ഥിരീകരണത്തിന് ശേഷം

സീറോ മലബാര്‍ സഭയ്ക്ക് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പ്: തെരഞ്ഞെടുപ്പ് ജനുവരിയില്‍, പ്രഖ്യാപനം മാര്‍പാപ്പയുടെ സ്ഥിരീകരണത്തിന് ശേഷം

കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനെ ജനുവരിയില്‍ തെരഞ്ഞെടുക്കും. മാര്‍പാപ്പയുടെ സ്ഥിരീകരണത്തിനു ശേഷമേ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകൂ. മേജര്‍ ആര്‍ച്ച്ബിഷപ് പദവി സ്ഥാനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭ പുതിയ സഭാധ്യക്ഷനെ തേടുന്നത്.

സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ജനുവരിയില്‍ ആരംഭിക്കും. ജനുവരി എട്ട് മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തില്‍വെച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. തുടര്‍ന്ന് മാര്‍പാപ്പയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചശേഷമായിരിക്കും പ്രഖ്യാപനവും സ്ഥാനാരോഹണവുമെല്ലാം നടക്കുക.

ഏറ്റവും അനുയോജ്യനായ വ്യക്തിയെ സഭാധ്യക്ഷനായി ലഭിക്കുവാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് സമര്‍പ്പിച്ച രാജി മാര്‍പാപ്പ കഴിഞ്ഞ ദിവസമാണ് സ്വീകരിച്ചത്.

ഇതേ തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കും വരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ച് വത്തിക്കാന്‍ ഉത്തരവായിരുന്നു. മാര്‍പ്പാപ്പയുടെ അനുമതിയോടെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പദവി ഒഴിഞ്ഞത്. മാര്‍ ജോര്‍ജ് ആലഞ്ചേരി ഇനിമുതല്‍ മേജര്‍ ആര്‍ച്ച് ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.