തിരുവനന്തപുരം: മനുഷ്യാവകാശ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടും പലരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അജ്ഞരാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതന്ദ്ര ദേശായി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പാളയം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മനുഷ്യാവകാശ ദിനം പോലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ മനുഷ്യാവകാശങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. മനുഷ്യാവകാശ അവബോധം ബോധപൂര്‍വമോ അല്ലാതെയോ ഉള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാക്കും.
സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവത്കരണത്തിന് കഴിയും. മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം മനുഷ്യാവകാശ പ്രചാരണങ്ങള്‍ വഴി സാധ്യമാക്കാം.
മനുഷ്യാവകാശങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ ആര്‍ജിക്കേണ്ടതാണ്. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ കുടുംബം ക്രീയാത്മകമായ പങ്ക് വഹിക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ പിന്നീടും മനുഷ്യാവകാശങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കും.
സ്‌കൂള്‍ സിലബസില്‍ മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സ്‌കൂളില്‍ നിന്നും പഠിക്കുന്ന കാര്യങ്ങള്‍ വീട്ടില്‍ പങ്കുവയ്ക്കും. സ്‌കൂളിലും വീട്ടിലും മനുഷ്യാവകാശ ബോധവല്‍ക്കരണം നടത്തിയാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.
മനുഷ്യാവകാശ സംരക്ഷണം തുടങ്ങേണ്ടത് വീടുകളില്‍ നിന്നും വീടുകള്‍ക്ക് സമീപത്ത് നിനുമാണെന്ന് അദേഹം പറഞ്ഞു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണ്.
വ്യക്തിത്വ വികസനത്തിന് അത്യന്താപേക്ഷിതമാണ് മനുഷ്യാവകാശങ്ങള്‍. സര്‍ക്കാരിനോ നിയമനിര്‍മ്മാണ സഭകള്‍ക്കോ കവര്‍ന്നെടുക്കാന്‍ കഴിയുന്നതല്ല അവ. മനുഷ്യാവകാശങ്ങള്‍ നിയമ നിര്‍മ്മാണം വഴി സ്ഥാപിക്കപ്പെട്ടതല്ല. അത് പ്രകൃതിദത്തമാണ്. വ്യക്തിഗത അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന പ്രധാന അന്താരാഷ്ട്ര ഉടമ്പടിയാണ് സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം.
വിവിധ രാജ്യങ്ങളിലെ നിയമങ്ങളിലും അന്താരാഷ്ട്ര ഉടമ്പടികളിലും കരാറുകളിലും സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അന്തസത്ത കണ്ടെത്തണം. മനുഷ്യാവകാശത്തിന്റെ പ്രസക്തി ഓരോ വ്യക്തിയും അവരുടെ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജൂനാഥ് പറഞ്ഞു. സാധാരണക്കാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരിയും അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ കെ. ബൈജൂനാഥ് ചൊല്ലി കൊടുത്തു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിജ്ഞയെടുത്തു. മനുഷ്യാവകാശ സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെ കുറിച്ച് മുന്‍ ചീഫ് സെക്രട്ടറിയും സിഎംഡി ചെയര്‍മാനുമായ എസ്.എം വിജയാനന്ദ് പ്രഭാഷണം നടത്തി.