രാജ്ഭവനില്‍ ക്രിസ്തുമസ് ആഘോഷം; രാഷ്ട്രീയ-മത നേതാക്കളടക്കം നിരവധി പേര്‍ പങ്കെടുത്തു

 രാജ്ഭവനില്‍ ക്രിസ്തുമസ് ആഘോഷം; രാഷ്ട്രീയ-മത നേതാക്കളടക്കം നിരവധി പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം. രാഷ്ട്രീയ-മതനേതാക്കളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും നവകേരള സദസ് യാത്രയിലായതിനാല്‍ പങ്കെടുത്തില്ല.
ഗവര്‍ണറും ക്ഷണിതാക്കളും ചേര്‍ന്നാണ് ക്രിസ്മസ് കേക്ക് മുറിച്ചത്.


നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോയ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കുന്നതിനിടെയാണ് രാജ്ഭവനിലെ ക്രിസ്തുമസ് വിരുന്നിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചത്.


അതേസമയം ആഘോഷത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുന്തോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ. മോബിന്‍ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം സുഹൈബ് മൗലവി അടക്കമുള്ള പ്രമുഖര്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.