കോഴിക്കോട്: കുറ്റ്യാടിയില്‍ പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇതോടെ പ്രദേശമാകെ ദുര്‍ഗന്ധം പരന്നിരിക്കുകയാണ്.
ജനവാസ മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിന് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. പ്രദേശത്ത് പരന്ന ദുര്‍ഗന്ധം മൂലം പലര്‍ക്കും നേരിയ ശ്വാസതടസവും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുന്നതിനുള്ള ശ്രമം നടത്തിവരുന്നു.
അഗ്നിശമന സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംഭവസ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.