തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തില്‍ 13 പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍, കന്റോണ്‍മെന്റ് പൊലീസാണ് ഇവര്‍ക്കെതിരെ കാലാപാഹ്വാന കുറ്റം ചുമത്തി കേസെടുത്തത്.
വഞ്ചിയൂര്‍ പൊലീസ് ആറ് പേര്‍ക്കെതിരെയും കന്റോണ്‍മെന്റ് പൊലീസ് ഏഴ് പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച സംഭവത്തില്‍ മൂന്ന് സ്റ്റേഷനുകളിലായി ആകെ 28 പേര്‍ക്കെതിരെയാണ് കേസ്. പേട്ടയാണ് മൂന്നാമത്തെ സ്റ്റേഷന്‍.
സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതിഷേധത്തില്‍ അറസ്റ്റിലായ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതില്‍ ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഴ് പേര്‍ക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവര്‍ക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരിട്ടത്.
വൈകുന്നേരം കേരള സര്‍വകലാശാല കാംപസിന് മുന്നിലാണ് സംഭവം. ആക്രമണത്തില്‍ ക്ഷുഭിതനായി ഗവര്‍ണര്‍ കാറില്‍ നിന്ന് ചാടിയിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു. ഇന്ന് ഡല്‍ഹിയിലും മുഖ്യമന്ത്രിയ്‌ക്കെതിരെ ഇതേ ആരോപണം ഗവര്‍ണര്‍ ആവര്‍ത്തിച്ചു.