കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. മാര്‍ ഇവാനിയോസ് കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ അവഗണിച്ചാണ് ഗവര്‍ണര്‍ മറ്റ് വിദ്യാര്‍ത്ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.

ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും. കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നാല് വിദ്യാര്‍ത്ഥികളെയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത്. ആര്‍ട്‌സ്, സ്പോര്‍ട്‌സ് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം.

ഇത്തരത്തില്‍ കഴിവ് തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവര്‍ണര്‍ നാലു പേരെ നാമനിര്‍ദേശം ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് യോഗ്യതയൊന്നുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി വിധിയെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആര്‍ഷോ സ്വാഗതം ചെയ്തു. ചാന്‍സലര്‍ക്കുള്ള ആദ്യ അടി ഹൈക്കോടതി കൊടുത്തിട്ടുണ്ടെന്നാണ് എസ്എഫ്‌ഐ പ്രതികരിച്ചത്. എസ്എഫ്‌ഐ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. അവര്‍ എബിവിപി പ്രവര്‍ത്തകരാണ് എന്നതാണ് നാല് പേര്‍ക്കും ചാന്‍സലര്‍ കണ്ട ഏക യോഗ്യതയെന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.