33 തദ്ദേശ വാര്‍ഡുകളില്‍ 17 ല്‍ യുഡിഎഫ് വിജയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു.
എസ്ഡിപിഐ, ആം ആദ്മി പാര്‍ട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിന്റെ പന്ത്രണ്ടും യുഡിഎഫിന്റെ പതിനൊന്നും ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പ് നടന്നതില്‍പ്പെടുന്നു. എല്‍ഡിഎഫ് 12 ല്‍ നിന്ന് പത്തിലേക്ക് ചുരുങ്ങിയപ്പോള്‍ 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ബിജെപി ആറിടത്തു നിന്ന് നാലിലേക്കൊതുങ്ങി. ആം ആദ്മി പാര്‍ട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാര്‍ഡില്‍ വിജയിച്ചു. യുഡിഎഫ് സീറ്റാണ് എഎപി പിടിച്ചെടുത്തത്.
നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണ് ഉപതിരഞ്ഞെടുപ്പ് ഫലം.
നവകേരള സദസ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന ജയം ഉണ്ടായി. ഭരണവിരുദ്ധ വികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ജനവിധി തുടര്‍ച്ചയായി എതിരാകുന്ന സാഹചര്യത്തില്‍ പിണറായി ഭരണകൂടത്തിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി.
യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.