കോട്ടയം: വയനാട്ടിലെ അക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ച് കൊല്ലാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ് പ്രായമുള്ള WWL 45 എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നരഭോജിക്കടുവയെ വെടിവച്ച് കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. 25,000 രൂപയും പിഴ ചുമത്തുകയും ചെയ്തു.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡിസംബര്‍ 10ന് ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹര്‍ജി. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ. ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
വയനാട്ടില്‍ കടുവയുടെ അക്രമണത്തില്‍ ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷാണ് കൊല്ലപ്പെട്ടത്. പുല്ലരിക്കാന്‍ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.