കോഴിക്കോട്: കോഴിക്കോട്-വയനാട് തുരങ്ക പാത നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മിക്കുന്നത്. താമരശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്ക പാതക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം പ്രാഥമിക അനുമതി ഇതിനോടകം ലഭിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.
തുരങ്ക പാത നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദേഹം പറഞ്ഞു. ഭൂമി നഷ്ടമാക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ് കോ നടത്തിയ സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് അനുസരിച്ച് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുമായി വയനാട്, കോഴിക്കോട് ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോഴിക്കോട് ആനക്കാംപൊയില്‍ മുതല്‍ വയനാട് മേപ്പാടി വരെയുള്ള ഇരട്ട തുരങ്ക പാതയുടെ നിര്‍മ്മാണത്തിനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങള്‍ക്കായി പൊതു തെളിവെടുപ്പ് നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 16 പേര്‍ പരിപാടിയുടെ ഭാഗമായി. പദ്ധതി കടന്നു പോവുന്ന പ്രദേശത്തെ ജനങ്ങളെ കേട്ട ശേഷം മുഴുവന്‍ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഉദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.
ഇപ്പോള്‍ വയനാട് ജില്ലയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഹൈവേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്. 8.735 കിലോ മീറ്ററാണ് തുരങ്ക പാതയുടെ ആകെ ദൈര്‍ഘ്യം. ഇതില്‍ 8.110 കിലോമീറ്ററാണ് തുരങ്കത്തിന്റെ മാത്രം ദൈര്‍ഘ്യം. 5.771 കിലോമീറ്റര്‍ വന ഭൂമിയിലൂടെയാണ് പാത കടന്നു പോവുന്നത്.
ഓരോ ദിശയിലും രണ്ട് വരിയുടെ രണ്ട് ട്യൂബുകള്‍ വീതമുള്ള നാലു വരി ഗതാഗതമാണ് ഉദേശിക്കുന്നത്. 2043.74 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവെന്നും ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു.