നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; 'സംഭവിച്ചു പോയി' എന്ന് സര്‍ക്കാര്‍

നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; 'സംഭവിച്ചു പോയി' എന്ന് സര്‍ക്കാര്‍

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനത്തെ നവകേരള സദസ് മാറ്റണമെന്ന ഹര്‍ജിയിലായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

നവകേരള പരിപാടിക്കായി കൊല്ലത്ത് ദേവസ്വം സ്‌കൂളിന്റെ മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. സ്‌കൂള്‍ മതില്‍ പൊളിച്ചതില്‍ 'സംഭവിച്ചു പോയി' എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാനും സൈറ്റ് പ്ലാന്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി. നവകേരള സദസിന്റെ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടറും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

കൊല്ലത്തെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഡിസംബര്‍ 18 നാണ് ഇവിടെ നവകേരള സദസ് നടക്കുന്നത്.

ക്ഷേത്ര മൈതാനം വിട്ടുനല്‍കുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശിയായ ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.