'ഇത് വരിക്കശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്'; രഞ്ജിത്തിന്റെ മാടമ്പിത്തരം അംഗീകരിക്കില്ല': പ്രതിഷേധവുമായി അക്കാദമി അംഗങ്ങള്‍

'ഇത് വരിക്കശേരി മനയല്ല,  ചലച്ചിത്ര അക്കാദമിയാണ്'; രഞ്ജിത്തിന്റെ മാടമ്പിത്തരം അംഗീകരിക്കില്ല':  പ്രതിഷേധവുമായി അക്കാദമി അംഗങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പടലപ്പിണക്കങ്ങള്‍ തുറന്ന പോരിലേക്ക്. ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി അക്കാദമി അംഗങ്ങള്‍ രംഗത്തു വന്നു. കഴിഞ്ഞ ദിവസം സമാന്തര യോഗം ചേര്‍ന്ന എന്‍. അരുണ്‍, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ചെയര്‍മാന്‍ എന്ന നിലയില്‍ രഞ്ജിത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തെ അംഗങ്ങള്‍ വിമര്‍ശിച്ചു. രഞ്ജിത്ത് വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന തങ്ങളോട് ഒരുവാക്ക് പറഞ്ഞില്ല. ഈ രീതിയിലുള്ള ധിക്കാരവും കള്ളത്തരവും അക്കാദമിക്ക് ഭൂഷണമല്ല. സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യമാണിത്.

തങ്ങളൊരിക്കലും അക്കാദമിക്കും ചെയര്‍മാനും എതിരല്ല. അദേഹത്തിന്റെ ബോറായ മാടമ്പിത്തരത്തിനാണ് എതിര് നില്‍ക്കുന്നത്. ഒന്നുകില്‍ അദേഹം തിരുത്തണം, അല്ലെങ്കില്‍ അദേഹത്തെ പുറത്താക്കണം. അതിലൊരു വിട്ടുവീഴ്ചയും ഇല്ലെന്നും അക്കാദമിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകാന്‍ വേണ്ടിയാണിതെന്നും അവര്‍ പറഞ്ഞു.

ഏകാധിപതിയെ പോലെയാണ് രഞ്ജിത് സംസാരിക്കുന്നത്. കൗണ്‍സിലിലേക്ക് ആളെ എടുക്കുന്നത് ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടത്. ചലച്ചിത്ര മേളയില്‍ ഓരോ അംഗങ്ങള്‍ക്കും ഓരോ ചുമതല കൊടുത്തിരുന്നു. അതെല്ലാം അവര്‍ ഭംഗിയായി നിറവേറ്റുന്നുണ്ട്. ചെയര്‍മാന്റെ നടപടികളില്‍ എല്ലാ അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ട്. പക്ഷേ പറയാന്‍ മടിക്കുന്നുവെന്നേയുള്ളൂ. ഇത് വരിക്കാശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണെന്നും രഞ്ജിത് വിരുദ്ധര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.