ന്യൂഡല്‍ഹി: കേരളത്തില്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് കാവല്‍ നില്‍ക്കുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. പൊലീസുകാരെല്ലാം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കാവല്‍ നില്‍ക്കുകയാണ്.
ഈ പൊലീസുകാര്‍ ഒരു കാര്യം മനസിലാക്കണം എല്ലാ കാലത്തും പിണറായി വിജയന്‍ ആ കസേരയില്‍ ഉണ്ടാവില്ല. തങ്ങളുടെ കുട്ടികളെ പേപ്പട്ടികളെ പോലെ തല്ലി തല പൊളക്കാന്‍ പൊലീസുകാര്‍ കൂട്ടുനില്‍ക്കുന്നുണ്ട്. പൊലീസുകാര്‍ അത് ചെയ്യുന്നുമുണ്ട്. ഇതൊന്നും ഓര്‍ക്കാതെ പോകുമെന്ന് ആരും ധരിക്കേണ്ടെന്നും വേണു ഗോപാല്‍ വ്യക്തമാക്കി.
അതേസമയം തന്റെ അംഗ രക്ഷകര്‍ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അംഗ രക്ഷകര്‍ തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നില്‍ക്കുന്നവരാണ്. തനിക്ക് സുരക്ഷ ഒരുക്കേണ്ടത് അവരുടെ ചുമതലയാണ്. ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചു കിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ അങ്ങനെയുള്ള വികാരത്തോടെ ആളുകള്‍ പാഞ്ഞടുത്താല്‍ അത്തരെക്കാരെ മാറ്റുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്റെ കൂടെയുള്ള അംഗരക്ഷകര്‍ എനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നില്‍ക്കുന്നവരാണ്. ഒരിടത്ത് സംഭവിച്ചത് ഒരാള്‍ ക്യാമറയും കൊണ്ട് സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി തള്ളി വരികയാണ്. അയാളെ ഗണ്‍മാന്‍ തള്ളി മാറ്റുന്നത് ഞാന്‍ കണ്ടതാണ്. അതാണ് മാധ്യമങ്ങള് കഴുത്തിന് പിടിച്ച് തള്ളലാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു.
എത്രയോ ക്യാമറക്കാര്‍ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നില്ലേ. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ? പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗണ്‍മാന്‍ അയാളെ തള്ളി മാറ്റിയത് അത് സ്വാഭാവികമാണ്. അതിനല്ലേ അയാള്‍ ഡ്യൂട്ടിക്കുള്ളത്. അങ്ങനെയുള്ള വികാരത്തോടെയുള്ള ആശുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്റെ അര്‍ത്ഥം നിങ്ങള്‍ എല്ലാവരും താന്‍ അപകടത്തില്‍ പെടണമെന്ന് കരുതുന്നവരല്ല. നിങ്ങളില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുമുണ്ട് അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്ന് എത്ര ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാവൂ എന്ന് ചിന്തിച്ച് നടക്കുന്ന ആളുകള്‍ ഉണ്ടല്ലോ അതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.