കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മാസങ്ങള്‍ക്ക് ശേഷം കോവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരന്‍ (77) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍1ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി.
കഴിഞ്ഞ ദിവസം 17,605 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 280 രോഗികളും കേരളത്തിലാണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൈനയിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മേഖലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.