കേരളത്തില്‍ ഒമിക്രോണ്‍ സാന്നിധ്യം; ജാഗ്രതാ നടപടികളുമായി കര്‍ണാടക

കേരളത്തില്‍ ഒമിക്രോണ്‍ സാന്നിധ്യം;  ജാഗ്രതാ നടപടികളുമായി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തിലും കേസുകള്‍ കൂടുന്ന സാഹചര്യത്തിലും ജാഗ്രതാ നടപടികളിലേക്ക് പ്രവേശിച്ച് അയല്‍ സംസ്ഥാനമായ കര്‍ണാടക. കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര യോഗം വിളിച്ചു. ഒരിടവേളക്ക് ശേഷം കോവിഡ് പടരുന്നതില്‍ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികള്‍ക്കും കര്‍ണാടക ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലോകത്ത് നിലവില്‍ കൂടുതല്‍ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎന്‍ 1 ആണ്. വ്യാപന ശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജിത പ്രതിരോധ ശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ സ്ഥിരീകരിച്ച ജെഎന്‍ 1 എന്ന കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ പരിശോധിക്കുവാനും ആശുപത്രികളില്‍ പനിയുമായി എത്തുന്നവര്‍ക്ക് കര്‍ശന സ്‌ക്രീനിങ് നടത്തുവാനും നിര്‍ദേശം നല്‍കി കഴിഞ്ഞു.

എല്ലാ ജില്ലാ ആശുപത്രികളും നാളെ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍, ഐസിയു കിടക്കകള്‍, മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ഉള്ള തയ്യാറെടുപ്പ് നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.