രാജ്യത്തെ കോവിഡ് കേസുകളില്‍ തൊണ്ണൂറ് ശതമാനവും കേരളത്തില്‍; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍

രാജ്യത്തെ കോവിഡ് കേസുകളില്‍ തൊണ്ണൂറ് ശതമാനവും കേരളത്തില്‍; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: അതിവ്യാപന ശേഷിയുളള കോവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎന്‍ 1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി ആരോഗ്യ വിദഗ്ദ്ധര്‍.

1523 കേസുകളാണ് ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളില്‍ 90 ശതമാനത്തോളം കേരളത്തിലാണ്. വ്യാപനശേഷി കൂടിയ ഒമിക്രോണ്‍ ജെഎന്‍ 1 ന് ആര്‍ജ്ജിത പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ നല്ല പങ്കും ജെഎന്‍ 1 വകഭേദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഒരു രോഗിയില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ ഒമിക്രോണ്‍ ജെഎന്‍ 1 ന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം 199 പേര്‍ക്കാണ് സംസ്ഥാത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവുമുണ്ടായി. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകള്‍ 1701 എന്നാണ് ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക്.

ഇതില്‍ 1523 ഉം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റുളള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയര്‍ന്ന കണക്കെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.