ക്ഷേത്ര മൈതാനങ്ങള്‍ നവ കേരള സദസിന്റെ വേദിയാക്കരുത്; ഹൈക്കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും

ക്ഷേത്ര മൈതാനങ്ങള്‍ നവ കേരള സദസിന്റെ വേദിയാക്കരുത്; ഹൈക്കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും

കൊച്ചി: നവ കേരള സദസിന്റെ വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവ കേരള സദസും, തിരുവനന്തപുരം ശാര്‍ക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയന്‍കീഴ് മണ്ഡലത്തിലെ സദസും നടത്തുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.

ഹൈക്കോടതിയില്‍ ഹര്‍ജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാന്‍ ധാരണയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും. നേരത്തെ കൊല്ലത്തെ തന്നെ ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവ കേരള സദസ് സംഘടിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവ കേരള സദസാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്.

ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. നവ കേരള സദസ് ഇന്ന് മുതല്‍ മൂന്ന് ദിവസം കൊല്ലം ജില്ലയിലാണ്. പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ സദസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.