തേഞ്ഞിപ്പലം: തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്നും ആക്രമിക്കാനുള്ളവര്‍ നേരിട്ട് വരട്ടെയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് കത്ത് നല്‍കുമെന്നും കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ മാധ്യമങ്ങളോട് സംസാരിക്കെ അദേഹം പറഞ്ഞു. പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിനെ മാറ്റി നിര്‍ത്തിയാല്‍, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയായിരിക്കും. അദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തര ഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ്. കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നാണ്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും സംസ്ഥാനത്തെ പോലീസ് സംവിധാനം മികച്ചതാണ്. ഒരുകാരണവശാലും താന്‍ പോലീസിനെ കുറ്റം പറയില്ല.
അവരെ തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് താന്‍ മൂന്ന് സ്ഥലങ്ങളില്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ മൂന്നാമത് അക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പോലീസ് ഇടപെട്ടത്. അത് താന്‍ പുറത്തിറങ്ങിയ സാഹചര്യത്തിലാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.