കോഴിക്കോട് നഗരത്തില്‍ കാറില്‍ നിന്നിറങ്ങി കുട്ടികളോട് സംസാരിച്ചും സെല്‍ഫിയെടുത്തും ഗവര്‍ണര്‍; വന്‍ പോലീസ് സന്നാഹം

കോഴിക്കോട് നഗരത്തില്‍ കാറില്‍ നിന്നിറങ്ങി കുട്ടികളോട് സംസാരിച്ചും സെല്‍ഫിയെടുത്തും ഗവര്‍ണര്‍; വന്‍ പോലീസ് സന്നാഹം

കോഴിക്കോട്: പോലീസ് സുരക്ഷ വേണ്ടെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഡിജിപിയെ അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ വച്ച് രാവിലെ അദേഹം വ്യക്തമാക്കിയിരുന്നു.

തന്നെ ആക്രമിക്കണമെങ്കില്‍ നേരിട്ട് വരണമെന്നാണ് ഗവര്‍ണര്‍ എസ്എഫ്‌ഐയെ വെല്ലുവിളിച്ചത്. പോലീസ് സുരക്ഷയില്ലെങ്കില്‍ പ്രവര്‍ത്തകരോട് തന്നില്‍ നിന്ന് അകലം പാലിക്കാന്‍ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. തന്നോട് കേരളത്തിലെ ജനങ്ങള്‍ക്ക് സ്‌നേഹമാണ്. തനിക്ക് തിരിച്ചും. തന്നെ അവര്‍ സംരക്ഷിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നീട് മിഠായിത്തെരുവിലെത്തിയ ഗവര്‍ണര്‍ കടയില്‍ നിന്ന് ഹല്‍വ വാങ്ങുകയും കച്ചവടക്കാരോട് സംസാരിക്കുകയും ചെയ്തു. എസ്.എം സ്ട്രീറ്റില്‍ സ്ത്രീകളും കുട്ടികളുമായി കുശലം പറയുകയും സെല്‍ഫി എടുക്കാന്‍ പോസ് ചെയ്യുകയും ചെയ്തു.

കൃത്യമായി ഏത് പ്രദേശത്തേക്കാണ് ഗവര്‍ണര്‍ എത്തുന്നതെന്ന് വ്യക്തമാകാതിരുന്നതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരുന്നു. എന്നിരുന്നാലും മിഠായിത്തെരുവ്, മാനാഞ്ചിറ പ്രദേശങ്ങളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.