പ്രതിഷേധത്തിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ വേദിയിൽ ​ഗവർണർ;​'ഗോ ബാക്ക്' വിളിച്ച് എസ്.എഫ്.ഐ

പ്രതിഷേധത്തിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ വേദിയിൽ ​ഗവർണർ;​'ഗോ ബാക്ക്' വിളിച്ച് എസ്.എഫ്.ഐ

കോഴിക്കോട്: എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ ഹാളിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നേരത്തെ നിശ്ചയിച്ചത് പോലെ നാല് മണിക്ക് തന്നെ ​ഗവർണർ സെമിനാർ ഹാളിൽ പ്രവേശിച്ചു. ​ഗസ്റ്റ് ഹൗസിനും സെമിനാർ ഹാളിനും പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് ​ഗവർണർ ഹാളിലെത്തിയത്.

ഹാളിന് മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട ഗവർണർ എസ്.എഫ്.ഐ പ്രവർത്തകരെ 'ക്രിമിനൽസ്' എന്ന് വിളിച്ച് ക്ഷുഭിതനായാണ് അകത്തേക്കു കയറിയത്. എസ്.എഫ്.ഐയുടെ വലിയ പ്രതിഷേധത്തിനിടെ കനത്ത പൊലീസ് സുരക്ഷയിലാണ് ഗസ്റ്റ് ഹൗസിൽ നിന്നും ഗവർണർ സെമിനാർ ഹാളിലേക്കെത്തിയത്. നടന്നെത്താവുന്ന ദൂരമുള്ള ഹാളിലേക്ക് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാറിലാണ് അദേഹമെത്തിയത്.

ഗവർണർ ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങി കഴിഞ്ഞദിവസങ്ങളിലേതു പോലെ പ്രതിഷേധക്കാർക്കിടയിലേക്ക് പോകുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും മുൻ നിശ്ചയിച്ചതുപ്രകാരം നേരെ സെമിനാർ ഹാളിലേക്ക് പോവുകയായിരുന്നു. സെമിനാർ ഹാളിലേക്ക് ഗവർണർ പോവുമ്പോഴും എത്തിയപ്പോഴും പുറത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായത്.

ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ​ഗവർണർ സെമിനാറിനെത്തുന്ന പശ്ചാത്തലത്തിൽ മൂന്നരയോടെ ശക്തമായ പ്രതിഷേധമാണ് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായത്. 'വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ' എന്ന ബാനർ പിടിച്ചും കറുത്ത ഷർട്ടും ടീ ഷർട്ടുമണിഞ്ഞും കറുത്ത ബലൂണുകൾ അടക്കം ഉയർത്തിയുമാണ് പ്രകടനം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.