400 മീറ്റർ ഉയരംവും വീതിയും നീളവും; ലോകത്തെ ഏറ്റവും വലിയ കെട്ടിടം 'ദി ക്യൂബ്' സൗദിയിൽ വരുന്നു

400 മീറ്റർ ഉയരംവും വീതിയും നീളവും; ലോകത്തെ ഏറ്റവും വലിയ കെട്ടിടം 'ദി ക്യൂബ്' സൗദിയിൽ വരുന്നു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ വടക്കുപടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പുതിയ നഗരം ഒരുങ്ങുന്നു. റിയാദിന്റെ അനുബന്ധ നഗരിയായി വിഭാവനം ചെയ്യപ്പെടുന്ന ഇവിടെ നിർമിക്കുന്ന പുതിയ കെട്ടിടം നിരവധി പ്രത്യേകതകൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുകയാണ്. 400 മീറ്റർ ഉയരവും 400 മീറ്റർ നീളവും 400 മീറ്റർ വീതിയുമുള്ള ദി ക്യൂബ് ലോകത്തെ ഏറ്റവും വലിയ നിർമിതികളിലൊന്നായിരിക്കും.

'റിയാദിന്റെ പുതിയ മുഖം' എന്നാണ് ഈ അംബരചുംബി വിശേഷിപ്പിക്കപ്പെടുന്നത്. നഗരത്തിനുള്ളിൽ മറ്റൊരു നഗരം നിർമിക്കാനുള്ള പദ്ധതികൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. റിയാദിലെ മുറബ്ബ നഗരകേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് മെഗാ-പ്രോജക്റ്റ് ദി ക്യൂബ് വരുന്നത്. 20 ലക്ഷം ചതുരശ്ര മീറ്ററിൽ കടകൾ, സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുണ്ടാവും. ഏതാണ്ട് പൂർണ ഉയരമുള്ള നടുമുറ്റം, സർപ്പിള ഗോപുരം എന്നിവ മറ്റു പ്രധാന പ്രത്യേകതകളാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ പ്രഖ്യാപിച്ച ബൃഹത് പദ്ധതിയായ മുറബ്ബ ജില്ലയുടെ വികസനത്തിന്റെ ഭാഗമാണ് ക്യൂബ്. പദ്ധതിയിൽ ആകെ ഒരു ലക്ഷം റെസിഡൻഷ്യൽ യൂണിറ്റുകളും 9,000 ഹോട്ടൽ മുറികളും 980,000 ചതുരശ്ര മീറ്റർ കടകളും 14 ലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലവും അടങ്ങിയിരിക്കും. കൂടാതെ 80 വിനോദ-സാംസ്‌കാരിക വേദികൾ, ടെക്‌നോളജി ആൻഡ് ഡിസൈൻ യൂണിവേഴ്‌സിറ്റി, ഒരു 'ഐക്കണിക്ക്' മ്യൂസിയം എന്നിവയും ഇതിൽ ഉൾപ്പെടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.